അഗ്നി

നമ്മുടെ സ്നേഹബന്ധങ്ങളിലും കർമ്മരംഗങ്ങളിലും മനോഭാവങ്ങളിലും നമ്മെ ഊഷ്മളതയോടെയും തീക്ഷ്ണതയോടെയും നിലനിർത്തുന്ന ഒരു അഗ്നി നമ്മുടെ മനസിലുണ്ട്. സന്ദർഭത്തിൻറെ ഗൗരവമനുസരിച്ച് രോമകൂപം മുതൽ ഹൃദയമിടുപ്പുവരെ ചലനാത്മകമാക്കി ശരീരത്തിൻറെ പ്രവർത്തനക്ഷമതയെ നിയന്ത്രിക്കാൻ കഴിവുള്ള അഗ്നിയാണിത്.  പ്രതിബന്ധങ്ങളേയും പ്രശ്നങ്ങളേയും തോൽപ്പിച്ച് നാം സ്നേഹിക്കുന്നവയ്ക്കായി മുന്നേറാൻ നമ്മെ ശാക്തീകരിക്കുന്ന ആത്മ ഇന്ധനമാണ് ഈ അഗ്നി. നാം നെഞ്ചിലേറ്റുന്ന പ്രിയപ്പെട്ടവർക്കായി വിദേശത്തും വിദൂരങ്ങളിലും സ്വയം മറന്ന് അദ്ധ്വാനിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്ന ശക്തിയാണ് ഈ അഗ്നി.

അകലം പാലിക്കേണ്ടവയെ അകറ്റാനും ദോഷമായവയെ തകർക്കാനും സ്വന്തമായവയെ തന്നോടു ചേർത്തു നിർത്തുവാനും ആത്മാഭിമാനത്തിൻറെ തേരിൽ സഞ്ചരിക്കുവാനും അനുകമ്പയുടെ പടികളിലൂടെ താഴേക്കിറങ്ങുവാനും കുറവുകളിൽ ലജ്ജിക്കുവാനും  ഈ അഗ്നിയാണ് നമ്മിൽ പ്രവർത്തിക്കുന്നത്. ഈ അഗ്നിയെ വികാരമെന്നൊ ആവേശമെന്നൊ തോന്നലെന്നൊ വിളിക്കാം. മനഃശാസ്ത്ര പഠനപ്രകാരം  ചിന്ത, പ്രവൃത്തി, വികാരം - ഇവ മൂന്നുമാണ് നമ്മുടെ പെരുമാറ്റങ്ങൾക്കു പിന്നിലെ അടിസ്ഥാന ഘടകങ്ങൾ. ഈ അടിസ്ഥാന ഘടകങ്ങളിലൊന്നായ വികാരം നമ്മുടെ വ്യക്തിത്വത്തിൻറെ അഗ്നിയാണ്. മന്ദോഷ്ണരാകാതെ ചൂടൊ തണുപ്പൊ ഉള്ളവരായി നമ്മെ നിലനിർത്തുന്ന അഗ്നി. ആളിക്കത്തിയാൽ അതു  ദഹിപ്പിച്ചുകളയും. കെട്ടുപോയാൽ നാം  തണുത്തുറഞ്ഞുപോകും. ആവശ്യം മനസിലാക്കി  കൃത്യമായ സാഹചര്യങ്ങളിൽ പാകത്തിനു കത്തുവാൻ ഈ അഗ്നിക്ക് ചിന്തയുടെ കരുത്തു വേണം. വിചാരമില്ലാത്ത വികാരം വിലപ്പെട്ട പലതിനേയും തകർത്തുകളയുന്ന അഗ്നിയാണ്. വിചാരത്തിനു നിയന്ത്രണമുള്ള അഗ്നിയൊ ക്രിയാത്മക ശക്തിയും. നമ്മിൽ കെടാതെ കത്തിക്കൊണ്ടിരിക്കുന്ന വികാരമാകുന്ന അഗ്നിയെ ചിന്തയുടെ റെഗുലേറ്റർ ഉപയോഗിച്ച് നല്ല വ്യക്തിത്വത്തിനായുള്ള നിരന്തര പരിശ്രമങ്ങളിൽ പങ്കാളിയാക്കാം. പക്വതയുള്ള വൈകാരിക ജീവിതം നമ്മുടെ ലക്ഷ്യമായിരിക്കട്ടെ. അപ്പോൾ  നമ്മിലെ അഗ്നി നമുക്കും മറ്റുള്ളവർക്കും പ്രകാശമായിമാറും. അഗ്നിയുള്ള മനസ് സന്തോഷമുള്ള ജീവിതത്തിനു കാരണമാകട്ടെ!!!

Leave a reply

Your email address will not be published. Required fields are marked *