ഒരു മെക്സിക്കൻ അപാകത

മാതാപിതാക്കളുടെ വിലാപങ്ങൾ  കരളലിയിക്കുന്നു. മക്കളുടെ അപ്രതീക്ഷിത അപാര പെർഫോമൻസുകൾ സഹിക്കാനാവാതെ കടുത്ത സങ്കടത്തിലാണ് ഇന്നു പലരും. ഒളിച്ചോട്ടം, ആത്മഹത്യ, കഞ്ചാവ്,  ഗുണ്ടായിസം, സെക്സ് റാക്കറ്റ് എന്നിങ്ങനെ നീളുന്നു മക്കളുടെ പെർഫോമൻസ് അപാരതകൾ. പെർഫോമൻസിനെ സംബന്ധിച്ചു യാതൊരു സൂചനയും നൽകാത്ത  മക്കളുടെ അപാരതകൾ മാധ്യമങ്ങളിലൂടെയും നാട്ടുകാരിലൂടെയുമാണ്  അവർ അറിയുന്നതത്രേ... ചങ്കു തകരുന്ന വേദനയാണ് അപ്പോൾ... കഷ്ടപ്പാടുകൾ അറിയിക്കാതെ വളർത്തിയ കഥകൾ പറഞ്ഞ് ത്യാഗത്തിന്റെ കണക്കുകൾ നിരത്തി "ഒരിക്കലും വിചാരിച്ചില്ല ഇവനിൽ നിന്നും ഇങ്ങനെയൊക്കെ" എന്ന പഞ്ച് ഡയലോഗോടെ അവസാനിക്കുന്ന തേങ്ങലുകൾ കേൾക്കുന്നവരിൽ ഈ ന്യൂജനറേഷനെതിരെ വികാരം നിറയും. പക്ഷെ ഞാൻ ഒരു അപാകത ആത്മാർത്ഥയുള്ള  മാതാപിതാക്കളിൽ പലരിലും കാണുന്നുണ്ട്. ഒരു 'മെക്സിക്കൻ അപാകത'.

    മാതാപിതാക്കൾ തങ്ങളുടെ  മക്കളുമായുള്ള  അനുഭവത്തിന്റേയും വാത്സല്യത്തിന്റേയും അടിസ്ഥാനത്തിൽ മക്കളോടുള്ള വിശ്വാസവും  പെരുമാറ്റവും ഒരു സോഫ്റ്റുവെയർപോലെ പ്രോഗ്രാം ചെയ്തിട്ടുണ്ട്. മക്കളോ, അവരുടെ സ്വപ്നങ്ങളും പെരുമാറ്റങ്ങളും ടെക്നോളജിയിലും മീഡിയയിലും ശ്രദ്ധിക്കുന്ന  ആധുനിക ലോകത്തിന്റെ വികസന വിസ്മയങ്ങളുടെ അടിസ്ഥാനത്തിൽ പ്രോഗ്രാം ചെയ്തിരിക്കുന്നു. ഈ ആധുനിക സോഫ്റ്റുവെയറിന്റെ സവിശേഷത അതു അനുദിനം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതാണ്. അത് ഈ കാലഘട്ടത്തിന്റെ പ്രതിഭാസമാണ്. അപ്പോഴും ഈ ന്യൂജെനറേഷൻ സോഫ്റ്റുവെയർ നിയന്ത്രിക്കപ്പെടുന്നത് താരതമ്യേന സാവധാനത്തിൽ മാത്രം മാറ്റം വരുന്ന മാതാപിതാ-സോഫ്റ്റുവെയറിലാണ്. അവിടെയാണു പ്രശ്നം.  മാറിക്കൊണ്ടിരിക്കുന്ന നവീന തലമുറയ്ക്കനുസരിച്ച് അറിവിലും പ്രതീക്ഷകളിലും പ്രവർത്തനങ്ങളിലും  ബുദ്ധിപൂർവ്വം അപ്ഡേറ്റു ചെയ്യാത്ത പേരന്റീംഗ് ആണ് പലപ്പോഴും മക്കളെ വളർത്തുന്നതിലുള്ള ഇന്നത്തെ 'മെക്സിക്കൻ അപാകത'.

ഒരു ഉദാഹരണം: ഡിജിറ്റലൈസേഷന്റെ ഈ നാളുകളിൽ ഒരു  ബാങ്കിൽ ഒരാൾ കുറച്ചു പണം നിക്ഷേപിച്ചു. അത്യാവശ്യത്തിനു പണമെടുക്കാൻ ചെന്നപ്പോൾ ബാങ്കുകാരു പറയുവാ അതു ഓൺലൈൻ ഹാക്കർമാർ മോഷ്ടിച്ചുവെന്ന്. നമ്മൾ എങ്ങനെ പ്രതികരിക്കും!!! ഹാക്കർമാരുടെ തന്ത്രങ്ങളെ അതിജീവിക്കുന്ന ബാങ്കീംങ് സോഫ്റ്റുവെയർ ഇല്ലാത്തതിനു ബാങ്കിനെ കുറ്റപ്പെടുത്തി പണം തിരിച്ചു പിടിക്കുമോ? അതോ ഹാക്കർമാരെ കുറ്റം പറഞ്ഞു നാം  ബാങ്കിനോടു ക്ഷമിക്കുമോ? തീർച്ചയായും പണം തിരിച്ചു പിടിക്കും. പണത്തിന്റെ കാര്യത്തിലും മറ്റു സംവിധാനങ്ങളിലും നമ്മൾ അപ്റ്റു ഡേറ്റ് ആണ്. പക്ഷെ ഏറ്റവും വലിയ സ്വത്തായ മക്കളുടെ കാര്യത്തിൽ, അവരോടുള്ള പേരന്റീംഗ് ശൈലിയിൽ, സംഭാഷണങ്ങളിൽ, വാത്സല്യങ്ങളിൽ, പെരുമാറ്റങ്ങളിൽ, തമാശകളിൽ, നിരീക്ഷണങ്ങളിൽ, മനസിലാക്കലിൽ പലരും അപ്റ്റു ഡേറ്റ് അല്ല. മക്കളുടെ മനസിനുയോജിക്കുന്നില്ല  മാതാപിതാക്കൾ.  ആർക്കാണ് ഇവിടെ വീഴ്ച? ഇവിടെയും  ഹാക്കർമാരെ കുറ്റം പറഞ്ഞു സമയം കളയുമോ? അതോ സ്വയം അപ് ഡേറ്റ് ചെയ്യുമോ?

    നമുക്ക് അപ്ഡേറ്റു ചെയ്യാം മക്കളുടെ മാറുന്ന  സോഫ്റ്റുവെയറിനനുസരിച്ച്- മാറുന്ന പ്രവണതകൾക്കനുസരിച്ച്- മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച്. പഴിപറയാൻ നേരമില്ല. പാദങ്ങൾക്കടിയിലെ ശേഷിക്കുന്ന മണ്ണും ഒലിച്ചു പോകുന്നതിനുമുമ്പ് വേഗത്തിൽ അപ്ഡേറ്റു ചെയ്യാം. അതിനു പരിശ്രമം എന്ന  അൺലിമിറ്റഡ് ഡേറ്റ സബ്സ്ക്രൈബ് ചെയ്ത് മാറിവരുന്ന കാലഘട്ടത്തിനു ചേർന്ന ഫലപ്രദമായ അറിവുകൾക്കായി മനസ് ഫുൾടൈം ഓൺലൈനാക്കിയിടാം. സൈക്കോളജി, ഫിലോസഫി, ടെക്കനോളജി തുടങ്ങിയ എല്ലാ ഓളജികളും നമ്മിൽ അപ്ഡേറ്റായിരിക്കട്ടെ. അങ്ങനെ നമ്മുടെ മക്കളുടെ ജീവിതം ഹാക്കർമാരിൽ നിന്നും എപ്പോഴും  സുരക്ഷിതരായിരിക്കട്ടെ. അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അവർ മാതാപിതാക്കളെ അവരുടെ മനസിന്റെ പുറത്തേക്ക് അൺഇൻസ്റ്റാൾ ചെയ്തേക്കാം....
കാര്യങ്ങൾ കൈവിട്ടുപോകുംമുമ്പ്  തിരുത്താം നമുക്കീ 'മെക്സിക്കൻ അപാകത'...

- Rixon Jose

Leave a reply

Your email address will not be published. Required fields are marked *