നമ്മിലെ തിരിനാളം

"സർ, ജീവിതം മടുത്തു സർ!!! എങ്ങനെയെങ്കിലും ഒന്നു മരിച്ചാൽ മതിയായിരുന്നു. ആത്മഹത്യ ചെയ്യാൻ എനിക്കു ധൈര്യമില്ല. ജീവിക്കാൻ ആഗ്രവുമില്ല. മതിയായി സർ!!! എനിക്കെല്ലാം മതിയായി!!!"

യൗവ്വനം തുളുമ്പുന്ന  ഇരുപതു വയസുകാരനായ ആ എഞ്ചിനീറീംഗ് വിദ്യാർത്ഥി എന്നോടു ഇങ്ങനെ പറഞ്ഞു നിർത്തി. ജീവിതം തുടങ്ങിയപ്പോൾത്തന്നെ അവനതു മതിയായത്രെ! അണയാൻ കൊതിക്കുന്ന സൂര്യനെപ്പോലെ അവൻ എൻറെ മുമ്പിൽ മനസു തളർന്ന് മുഖം വാടി നിരാശയുടെ നിശബ്ദതയിൽ തലകുനിച്ചിരുന്നു. ആയുസും ആരോഗ്യവും സമ്പത്തുമുള്ള ഈ യുവാവിന് എന്തുകൊണ്ടു ജീവിതം  മടുത്തു എന്നത് ഇവിടെ പ്രസക്തമായ ഒരു ചോദ്യമാണ്. അതിനുള്ള ഉത്തരമായി ഇതാ മറ്റൊരനുഭവം.

ഒരു   വിദ്യാലയത്തിൽ  മാതാപിതാക്കൾക്കായി  നടത്തിയ സെമിനാറിൽ വച്ചാണ് ഞാൻ  അവളെ പരിചയപ്പെടുന്നത്. അവൾ തൻറെ കദന കഥകൾ എന്നോടു പറയുവാൻ തുടങ്ങി. തനിക്ക് ഒരു മാരക രോഗമുണ്ടെന്നറിഞ്ഞപ്പോൾ തന്നെ ഉപേക്ഷിച്ചുപോയ ഭർത്താവ്. രോഗാതുരമായ ശരീരം. കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ. സഹായത്തിന് ആരുമില്ലാത്ത   അവസ്ഥ. വിതുമ്പാതെ എല്ലാം അവൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ  എൻറെ മനസു അറിയാതൊന്നു  തേങ്ങി. പക്ഷെ എന്നെ അത്ഭുതപ്പെടുത്തി വിടർന്ന കണ്ണുകളോടെ   അവളുടെ അടുത്ത വാക്കുകൾ ഒഴുകിയെത്തി: "ഇങ്ങനെയൊക്കെയാണെങ്കിലും എനിക്കു നല്ല പ്രതീക്ഷയുണ്ട് സർ. ഞാൻ ജീവിക്കും. എനിക്കു ജീവിച്ചേ പറ്റൂ. ഒരു നല്ല ദിവസം  എനിക്കു വരും സർ. ആ പ്രതീക്ഷയാണെൻറെ സന്തോഷം." മോട്ടിവേഷണൽ സെമിനാറുകളൊക്കെ നടത്തുന്ന ആളാണെങ്കിലും ഉള്ളിൽ എനിക്കത്ര വിശ്വാസം തോന്നിയില്ല അവളുടെ ആ പ്രതീക്ഷയിൽ. എങ്കിലും അതു  പുറമേ കാണിക്കാതെ അവളുടെ സന്തോഷത്തിന് ഒരു മോട്ടിവേഷനാകാൻ ഞാൻ മറുപടിയായി പറഞ്ഞു: "തീർച്ചയായും. എല്ലാം ശരിയാകും" കുറച്ചു വർഷങ്ങൾക്കു ശേഷം വീണ്ടും ഞാനവളെ കണ്ടുമുട്ടി ഒരു ബാങ്കിൽ വച്ച്. പെട്ടെന്നു തിരിച്ചറിയാനാവാത്തവിധം അവളിൽ ആകെ ഒരു മാറ്റം. മിടുക്കിയായി, ആരോഗ്യവതിയായി കാണപ്പെട്ടു. അവളുടെ ജീവിതത്തിൽ അത്ഭുതകരമായി വന്നുചേർന്ന നല്ല ദിനങ്ങളെപ്പറ്റി സന്തോഷത്തോടെ അവൾ വിവരിക്കാൻ തുടങ്ങി. അണയുമെന്നു കരുതിയ തിരി ശോഭയോടെ കത്തുന്ന കാഴ്ചയ്ക്കുമുന്നിൽ വിസ്മയത്തോടെ ഞാൻ നിന്നു. അസ്തമയശേഷം തിരിച്ചുവരുന്ന ഉദയസൂര്യൻ പോലെ അവളുടെ മുഖം ഉയർന്നുനിന്നു.

പ്രതീക്ഷ.

അതാണു നമ്മുടെ ജീവിതത്തെ ആവേശഭരിതമാക്കുന്നത്. യഥാർത്ഥത്തിൽ ജീവിതം ആവേശകഭരിതമായ ഒരു അനുഭവമാണ്. നാളയെപ്പറ്റിയുള്ള നല്ല പ്രതീക്ഷകൾ നമ്മിൽ  ജീവിക്കാനുള്ള ആവേശം നിറയ്ക്കും. അപ്പോൾ നാം ഊർജ്ജ്വസ്വലരാകും. ഏതു പ്രതിസന്ധിക്കു നടുവിലും തകരാത്ത മനസുണ്ടാവും. സന്തോഷമുള്ള നിമിഷങ്ങൾക്കൊണ്ടു ജീവിതം നിറയും. ശരീരം ശാക്തീകരിക്കപ്പെടും. ജീവിതം മികച്ച ലക്ഷ്യങ്ങളിലേക്കു കുതിക്കും.

നല്ല പ്രതീക്ഷകളെ നമുക്കു വാനോളം വളർത്താം. സ്വപ്നങ്ങളുടെ തേരിൽ നല്ല  പ്രതീക്ഷയുള്ള മനസ്സോടെ സന്തോഷമുള്ള ജീവിതം നമുക്ക്  ആവേശപൂർവ്വം നയിക്കാം. നിരാശപോലുള്ള പല മനോരോഗങ്ങൾക്കും ശാരീരിക  രോഗങ്ങൾക്കും സേവിക്കാവുന്ന മികവുറ്റ മനഃശാസ്ത്ര മരുന്നാണ് പ്രതീക്ഷയും പ്രതീക്ഷ നിറഞ്ഞ സ്വപ്നങ്ങളും. സന്തോഷത്തിൻറെ ഈ ഔഷധം സ്വാഭാവികമായി നമ്മിൽ നിറയുന്നില്ലെങ്കിൽ ജീവിത ലക്ഷ്യങ്ങൾക്കനുസരിച്ച്  ബോധപൂർവ്വം  നമുക്കു രൂപപ്പെടുത്താം.  പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ ഒരു ശുഭദിനം ആശംസിക്കുന്നു.

Rixon Jose

Leave a reply

Your email address will not be published. Required fields are marked *