മനഃശാസ്ത്രജ്ഞനാണെന്നറിയുമ്പോൾ ആളുകൾ സാധാരണയായി ഞങ്ങളോടു ചോദിക്കുന്ന രണ്ടു ചോദ്യങ്ങളുണ്ട്:
ഒന്ന്: "എൻറെ മുഖത്തു നോക്കി കുറച്ചു കാര്യങ്ങൾ പറയാമോ?";
രണ്ട്: "എന്നെയൊന്നു ശരിക്കും നോക്ക്യേ, എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?"
താൻ ശരിക്കും നോർമലാണോ, സ്വയം തിരിച്ചറിയാനാവാത്ത എന്തെങ്കിലും മനോരോഗം തന്നെ പിന്തുടരുന്നുണ്ടോ എന്നൊക്കെ ഒരിക്കലെങ്കിലും ആശങ്കപ്പെടാത്തവർ വളരെ ചുരുക്കമാണ്. ഈ പറയുന്ന ഞാനും ഇടയ്ക്കൊക്കെ ആലോചിക്കാറുണ്ട് 'ഞാൻ ശരിക്കും നോർമലാണോ' എന്ന്.
എന്തുകൊണ്ടാണ് ഈ ആശങ്ക?
മനോരോഗം ഒരു വ്യക്തിയുടെ അനുദിന ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കും എന്നതിലുള്ള വലിയ കണ്ടത്തലുകളൊന്നുമല്ല പൊതുവേ ഈ ആശങ്കക്കു പിന്നിൽ. പിന്നെയോ, മനോരോഗമുണ്ടെന്ന് പുറത്തറിഞ്ഞാൽ ഈ ലോകം തനിക്കു സമ്മാനിക്കാൻ സാധ്യതയുള്ള മായാത്ത ഒരു 'ലേബൽ' എന്തായിരിക്കും എന്ന ഉത്കണ്ഠയാണ് ഈ ആശങ്കക്കു കാരണം. മാനസിക പ്രശ്നവും മനോരോഗവും ഒരിക്കൽ പ്രകടമായാൽ ഒരിക്കലും സുഖമാകാത്ത മാറാവ്യാധിയൊന്നുമല്ല. ചിന്ത, വികാരം, പ്രവർത്തി എന്നീ അടിസ്ഥാന സ്വഭാവ ഘടകങ്ങളിൽ ഏതിലെങ്കിലുമൊക്കെ നിയന്ത്രണം നഷ്ടപ്പെടുകയോ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയോ ചെയ്താൽ സ്വന്തം പ്രയത്നം വഴിയോ മാനസികാരോഗ്യ രംഗത്തുള്ള ഒരു പ്രൊഫഷണലിൻറെ സഹായത്തോടെയോ അതിനെ അതിജീവിക്കാനും സാധാരണ മാനസികാവസ്ഥയിലേക്കു മടങ്ങിവരാനും സാധിക്കും. വളരെ ചുരുക്കം ചില പ്രശ്നങ്ങളിൽ മാത്രമേ പൂർണ്ണമായ സൗഖ്യം പ്രയാസമായി മാറാറുള്ളൂ.
വാസ്തവം ഇതൊക്കെയാണെങ്കിലും പൊതുവേ എല്ലാവർക്കും ഭയമാണ്. സമൂഹം നൽകാൻ സാധ്യതയുള്ള ഈ ലേബലീംഗിനെയാണ് ഭയം. ഒരിക്കൽ ഇത്തരം ഒരു ലേബൽ തൻറെമേൽ പതിക്കപ്പെട്ടാൽ തന്നെ സംബന്ധിച്ച് ചുറ്റുപാടുമുള്ളവരുടെ കാഴ്ചപ്പാടും പെരുമാറ്റവും സംസാരവിഷയവും എന്നെന്നും മാറാതെ തുടരും എന്ന ചിന്ത വലിയ ഭയത്തിനു പ്രധാന കാരണമായി മാറുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ദ്ധരുടെ സഹായം തേടുന്നതിനു തടസമായി ഈ ഭയം നിലകൊള്ളുന്നു. എത്രയോ പേരാണ് മറ്റുള്ളവർ അറിയും എന്ന ഭയംകൊണ്ടു മാത്രം വിദഗ്ദ്ധ സഹായം തേടാതെ ഗൗരവമേറിയ മാനസിക പ്രശ്നങ്ങളെ വീട്ടുമുറിക്കുള്ളിൽ വെറുതെ ഒതുക്കിയിട്ടിരിക്കുന്നത്!!! ചികിത്സയൊന്നുമല്ലാത്ത കൗൺസിലീംഗിനുപോലും പോകുന്നത് വലിയ അപമാനമായി കാണുന്ന പ്രവണത ഇന്നു പലരിലും കാണാം. സൈക്കോളജിയുടെ 'സൈക്കോ' എന്ന ഉച്ചാരണം പോലും പലർക്കും ഉത്കണ്ഠയ്ക്കു കാരണമാണ്. ചിലർക്കു മനഃശാസ്ത്ര വിദഗ്ദ്ധരെ പേടിയാണ്. തന്നിൽ കുഴപ്പം വല്ലതും കണ്ടു പിടിച്ച് മനോരോഗത്തിൻറെ ലേബൽ ചാർത്തുമോ എന്നതാണ് ആ പേടിക്കു പിന്നിൽ. മനഃശാസ്ത്ര വിദഗ്ദ്ധരെ വിവാഹം ചെയ്യാൻ ഭയംമൂലം ആൾക്കാരില്ലാത്ത രസകരമായ അവസ്ഥയും ചിലയിടത്തുണ്ട്.
യഥാർത്ഥത്തിൽ എവിടെയാണ് മാറ്റം വരുത്തേണ്ടത്!!! അസുഖം മാറിയാലും മാറാത്ത ഒരു ലേബൽ വ്യക്തിയുടെമേൽ ചാർത്തി അതു മായാതെ സൂക്ഷിക്കുന്ന സാമുഹ്യ പ്രവണതയാണോ, അതോ ആ ദുഷ്പ്രവണതയെ ഭയപ്പെട്ട് വിദഗ്ദ്ധ സഹായവും പരിഹാര മാർഗ്ഗവും തേടുന്നതിനു തടസമായി വ്യക്തിയിൽ നിലനിൽക്കുന്ന ഭയമാണോ മാറേണ്ടത്?
രണ്ടും മാറണം. ലേബലീംഗും വേണ്ട, ഭയവും വേണ്ട. മാനസിക പ്രശ്നങ്ങൾ നേരിടുമ്പോൾ അവയെ തിരിച്ചറിയുന്നതിനും സ്നേഹത്തോടെ പരസ്പരം സഹായിക്കുന്നതിനും പരിപൂർണ്ണ സൗഖ്യത്തിന് ആവശ്യമായ വിദഗ്ദ്ധ സഹായം ലഭ്യമാക്കുന്നതിനും നമ്മുടെ മനസ് സ്വതന്ത്രവും വിശാലവുമായിരിക്കണം. സമുഹത്തിലെ ലേബലീംഗ് പ്രവണതയെയും ഇതുനോടനുബന്ധിച്ച് വ്യക്തികളിലുള്ള ഉത്കണ്ഠയേയും ഇല്ലാതാക്കുന്നനായി നവീന മാർഗ്ഗങ്ങളും ബുദ്ധിപൂർവ്വമായ സമീപനവും സ്വീകരിച്ച് ഈ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടാൻ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു പൊതു വേദികളിലും ഇതു സംബന്ധിച്ച് ഫലപ്രദമായ ബോധവത്കരണ പ്രവർത്തനങ്ങളുണ്ടാകണം. മാറ്റം അനിവാര്യമാണ്. ആ മാറ്റം നമ്മളിൽ നിന്നുതന്നെ തുടങ്ങാം. മനോഭാവത്തിലും സംസാരത്തിലും പെരുമാറ്റത്തിലും ആ മാറ്റം പ്രതിഫലിക്കട്ടെ. അങ്ങനെ നോർമലാണോ എന്ന ചോദ്യത്തെ ഭയപ്പെടാത്ത ദിനങ്ങൾ വരട്ടെ.
Rixon Jose