പരീക്ഷയെഴുതുന്ന കുട്ടികളുടെ മാതാപിതാക്കൾ ശ്രദ്ധിച്ചിരിക്കേണ്ട സുപ്രധാനമായ ഏഴു കാര്യങ്ങൾ:
1. കുട്ടികൾ ടെൻഷനടിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ടെൻഷൻ ഓർമ്മയുടെ ശത്രുവാണ്. സംസാരങ്ങളും പെരുമാറ്റങ്ങളും സാഹചര്യങ്ങളും വഴി മാനസിക സമ്മർദ്ദം അല്പംപോലും ഉണ്ടാകാത്തവിധം പരീക്ഷയ്ക്കു പറ്റിയ കുടുംബാന്തരീക്ഷം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബാംഗങ്ങൾക്കിടയിലെ ശാന്തമായ സംസാരങ്ങളും ആർദ്രമായ പെരുമാറ്റങ്ങളും സ്വസ്ഥമായ അന്തരീക്ഷവും പരീക്ഷയ്ക്കായുള്ള ആരോഗ്യകരമായ മാനസികനിലയ്ക്കും ഏകാഗ്രതയ്ക്കും അത്യാന്താപേക്ഷിതമാണ്.
2. ഇനി ആത്മവിശ്വാസവും പ്രോത്സാഹനവും മതി. ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളും തത്കാലത്തേക്കു നിർത്താം. സംഭവിച്ച പരാജയങ്ങളെപ്പറ്റി പറയാതിരിക്കാം. പകരം കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിക്കുംവിധം അവരുടെ വിജയങ്ങളെപ്പറ്റിയും പ്രോത്സാഹിപ്പിക്കാവുന്ന അവരിലെ നല്ല കാര്യങ്ങളും സംസാരവിഷയമാക്കുക.
3. നടന്ന പരീക്ഷയുടെ അവലോകനം ഒഴിവാക്കുക. പരീക്ഷ കഴിഞ്ഞു വരുന്ന കുട്ടിക്ക് ആവശ്യം ഒരു ബ്രേക്ക് / വിശ്രമം ആണ്. അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പാണ് പ്രായോഗിക മാർഗ്ഗം. കഴിഞ്ഞതിനെപ്പറ്റി പറഞ്ഞിട്ടെന്തു ഗുണം. ഫലം വരുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ കാണിക്കുക. ഇത്തരം അവലോകനങ്ങൾ കുട്ടികളിൽ നിരാശയും വിഷാദവും സൃഷ്ടിക്കാറുണ്ട്. ഇത് അവരുടെ മാനസികാരോഗ്യത്തേയും അടുത്ത പരീക്ഷകളേയും ബാധിച്ചേക്കാം.
4. ആവശ്യമുള്ള ഉറക്കവും ഭക്ഷണവും ഉറപ്പാക്കുക. പരീക്ഷാ സമയത്ത് ഉറക്കമില്ലാതിരിക്കുന്നതും അമിതമായി ഉറങ്ങുന്നതും ഉത്കണ്ഠയുടേയും മാനസിക സമ്മർദ്ദങ്ങളുടേയും ലക്ഷണങ്ങളാണ്. ഭക്ഷണം ഒഴിവാക്കലും അമിതമായ ഭക്ഷണ പ്രിയവും വെള്ളം ആവശ്യത്തിനു കുടിക്കാത്തതും മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. പരീക്ഷാ ദിവസങ്ങളിൽ ഏകദേശം ആറു മണിക്കൂർ കുട്ടി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ആവശ്യാനുസരണം മിതമായ ഭക്ഷണവും ഇടവിട്ടുള്ള വെള്ളംകുടിയും വ്യായാമങ്ങളും ഇപ്പോൾ സുപ്രധാനമാണ്. മാനസികാരോഗ്യത്തോടെ പരീക്ഷയെഴുതുന്നതിനും പഠിച്ചവയുടെ ഓർമ്മ നിലനിർത്തുന്നതിനും പരീക്ഷാ സമയത്ത് ശ്രദ്ധയോടെ ഉത്തരങ്ങൾ നൽകുന്നതിനും അവ കൂടിയേതീരൂ.
5. മാർക്കിനെപ്പറ്റിയുള്ള ആകുലതയും വെപ്രാളവും ഒഴിവാക്കാൻ കുട്ടിയെ സഹായിക്കുക. മാർക്കിന് അമിതപ്രാധാന്യം കൊടുക്കാതിരിക്കാം. പരീക്ഷയുടെ ഗ്രേഡിലല്ല മനോഭാവത്തിലും കഴിവിലുമാണ് ജീവിതത്തിന്റെ വിജയം എന്നു തിരിച്ചറിയണം. മാർക്ക് പിന്നീടു വരാനിരിക്കുന്നതാണ്. അതു നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യവുമല്ല. അതേപ്പറ്റിയുള്ള അനാവശ്യ കണക്കുകൂട്ടലുകൾ ഭയവും നിരാശയും ഉളവാക്കും.
6. പരീക്ഷയ്ക്കു പോകുന്ന കുട്ടിയെ നല്ല വാക്കുകളാൽ അനുഗ്രഹിച്ചു പറഞ്ഞയക്കുക. പരീക്ഷയക്കു പോകുന്ന സമയത്തു നിങ്ങൾ പറയുന്ന വാക്കുകൾക്ക് കുട്ടിയുടെ മനസ്സിൽ വലിയ പ്രാധാന്യമുണ്ട്. ആത്മവിശ്വാസവും ധൈര്യവും മനഃസാന്നിദ്ധ്യവും വളർത്തണം ആ സമയത്തെ വാക്കുകൾ. അനുഗ്രഹിച്ചു വിടണം നല്ല വിജയത്തിനായി. കുറ്റപ്പെടുത്തലും ശിക്ഷയും രോഷവും വാശിയും നിസംഗതയും കലർന്ന സംസാരങ്ങൾ ഒരു കാരണവശാലും പാടില്ല. തമാശിനുപോലും ഇത്തരം നെഗറ്റീവുകൾ പറയരുത്. അത്തരം ദോഷകരമായ വാക്കുകൾമൂലം കുട്ടികളിൽ മാതാപിതാക്കളോട് നിലനിൽക്കുന്ന ആഴമേറിയ വെറുപ്പുകൾ സൃഷ്ടിക്കപ്പെടാം.
7. പരാജയങ്ങളുണ്ടായാലും അവയെ അതിജീവിക്കാൻ എന്തും മറന്ന് കൂടെയുണ്ടാകും എന്നതായിരിക്കണം മനോഭാവം. പരാജയത്തേക്കാളും ഗ്രേഡ് കുറവിനേക്കാളും വലുതാണ് നിങ്ങൾക്ക് നിങ്ങളുടെ കുട്ടി എന്നു മറക്കരുത്. പരാജയവും കുറവും ജീവിതത്തിൽ സംഭവിക്കാവുന്ന യാഥാർത്ഥ്യങ്ങളാണ്. അവയെ ഉൾക്കൊള്ളാൻ സാധിക്കാത്തതാണ് വലിയ പരാജയം. ഇനിയും നിർത്താതെ പരിശ്രമിക്കാനുള്ള പ്രചോദനമായി കാണാം പരാജയത്തെ. പരാജയവും മാർക്കിലെ കുറവുകളും സംഭവിക്കാൻ പാടില്ലാത്ത പ്രശ്നങ്ങളായി കരുതുന്നത് തികച്ചും അനാരോഗ്യകരമാണ്. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കളുടെ മനോഭാവത്തിന് കുട്ടികളിൽ വലിയ സ്വാധീനമുണ്ട്.
- റിക്സൺ ജോസ്