മരണം മണക്കുന്ന മനസ്സ്
--------------------------------------
(ആത്മഹത്യ മുൻകൂട്ടി തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സഹായകരമായ മനഃശാസ്ത്ര മാർഗ്ഗങ്ങൾ.)
😔"വിശ്വസിക്കാൻ പറ്റുന്നില്ല അവൾ മരിച്ചൂന്ന്.
മരിക്കാൻ മാത്രം എന്തുണ്ടായി ഇവിടെ???"
😓"എന്താണെങ്കിലും ഞങ്ങളോടോന്നു തുറന്നു പറഞ്ഞുകൂടായിരുന്നോ അവൾക്ക്!!!"
😲"എന്തൊരു മണ്ടത്തരമാണവൾ ചെയ്തത്???"
😯 "ഈ തലമുറയെന്താ ഇങ്ങനെ????"
ആത്മഹത്യ ചെയ്ത വ്യക്തിയുമായി വളരെ അടുപ്പമുള്ളവർ പൊതുവെ പറയുന്ന വാക്കുകളാണിവ. സംഭവിച്ച ദുരന്താനുഭവത്തിൽ ആത്മഹത്യ ചെയ്തവരെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തി സ്വയം സമാധാനിക്കുന്ന പ്രവണതയാണ് നമ്മുടെ നാട്ടിൽ പൊതുവേ കണ്ടുവരുന്നത്. അടുപ്പമുള്ള വ്യക്തിയുടെ ഇത്തരം മരണത്തിനുശേഷമുള്ള സന്ദർഭങ്ങളിൽ മുകളിൽ പറഞ്ഞ വാക്കുകളിലൂടെ പലപ്പോഴും മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നത് അവസരോചിതമായ അടിയന്തിര രക്ഷാ പ്രവർത്തനങ്ങളിൽ തനിക്കു സംഭവിച്ച ഗുരുതരമായ ഉത്തരവാദിത്വക്കുറവുകളാണ്.
ഓരോ ആത്മഹത്യയും തീവ്രമായ തീരുമാനം എന്നതിലുപരി അടിയന്തര പരിചരണം ലഭിക്കേണ്ടിയിരുന്ന കടുത്ത ഒരു മാനസിക ആഘാതമാണ്. ശ്രദ്ധിച്ചാൽ തിരിച്ചറിയാവുന്ന കുറേ ലക്ഷണങ്ങൾ കാണിക്കുന്ന ഒരു മാനസികാഘാതം. ആ ലക്ഷണങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ നമ്മുടെ വ്യക്തി ബന്ധത്തിന്റെ സ്നേഹ ചരടുകൾ എത്ര ദുർബലമാണ് എന്നുവേണം മനസ്സിലാക്കാൻ. വിവരിക്കാൻ പറ്റാത്ത അതിതീവ്രമായ മാനസിക സമ്മർദ്ദം മനസ്സിനെ ദുർബലപ്പെടുത്തി ആത്മഹത്യയിലേക്ക് ഒരു വ്യക്തിയെ തള്ളിനീക്കുന്ന അന്ധകാര നിമിഷങ്ങളെ ആ വ്യക്തിയോട് അടുപ്പമുള്ളവർക്കു ഒന്നു ശ്രദ്ധിച്ചാൽ തിരിച്ചറിയാനാകുന്നതേയുള്ളൂ. ആ തിരിച്ചറിവ് പ്രിയപ്പെട്ട വ്യക്തിക്കുവേണ്ടി മറ്റു പലതും മറന്ന് മുൻവിധിയില്ലാതെ അടിയന്തിരമായി പ്രവർത്തിക്കാൻ നമ്മെ സഹായിക്കും. ആത്മഹത്യയുടെ അടിയന്തിര സന്ദർഭങ്ങളെ തിരിച്ചറിയാനും അതിനനുസരിച്ച് ആ വ്യക്തിക്കുവേണ്ടി പ്രവർത്തിക്കാനും അനാസ്ഥ കാണിച്ചാൽ അതു ഗുരുതരമായ സ്നേഹരാഹിത്യമാണ്... പ്രേരണയ്ക്കു തുല്യമായ കുറ്റകൃത്യം.
മരണത്തിനു തുനിഞ്ഞിറങ്ങിയ മനസ്സ് താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങളിൽ പലതും പുറത്തു കാണിക്കും. ആത്മഹത്യയ്ക്കുള്ള മനസ്സിന്റെ ഈ മുന്നൊരുക്കങ്ങളെ നമുക്കു തിരിച്ചറിയാനാകട്ടെ...
⬛ 1. അസാധാരണമായ പെരുമാറ്റങ്ങൾ
🔴അടുപ്പമുള്ളവരോടുള്ള സ്നേഹ സംഭാഷണങ്ങളിൽ നിന്നും പെട്ടെന്നുള്ള ഒഴിവാകൽ.
🔴അമിതമായ ഏകാന്തതയും അസാധാരണമായ നിശബ്ദതയും
🔴 മനസ്സിലുള്ള പ്രയാസത്തെ അടുപ്പമുള്ളവരുടെ മുമ്പിൽ നിഷേധിക്കാനും മൂടിവെയ്ക്കാനുമുള്ള പ്രത്യേക പരിശ്രമങ്ങൾ.
🔴 ഒറ്റക്കും അടുപ്പമുള്ളവരുടെ മുന്നിലുമുള്ള നിയന്ത്രണാതീതമായ കരച്ചിൽ.
🔴 പെട്ടെന്നു കാണപ്പെടുന്ന നിഗൂഢമായ ശാന്തത.
🔴 അസാധാരണമായ അഭ്യർത്ഥനകളും ആഗ്രഹങ്ങളും.
🔴 മുന്നൊരുക്കമായ ചില അസാധാരണ ക്രമീകരണങ്ങൾ.
🔴 അടുപ്പമുള്ളവരോടു കാണിക്കുന്ന അസാധാരണമായ വൈകാരിക സ്നേഹ പ്രകടനങ്ങൾ
🔴 സാധാരണയായി പാലിച്ചുകൊണ്ടിരുന്ന പൊതു നിയമങ്ങൾ, പൊതുവായ പെരുമാറ്റ രീതികൾ, മതാനുഷ്ഠാനങ്ങൾ എന്നിവയുടെ ലംഘനം.
🔴 അസമയത്തുള്ള യാത്രകൾ/ അസമയത്തുള്ള പുറത്തു പോകൽ/ അസമയത്തുള്ള തിരിച്ചു വരവ്
🔴 രാത്രിമുഴുവൻ നീണ്ടു നിൽക്കുന്ന ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിതമായ അസാധാരണ ഉറക്കം.
🔴 പാട്ട്, സിനിമ തുടങ്ങിയ വിനോദങ്ങളിൽ നിന്നും സന്തോഷകരമായ മറ്റു കാര്യങ്ങളിൽ നിന്നുമുള്ള അകാരണമായ പിൻമാറ്റം.
🔴 ഭക്ഷണം, വെള്ളം, സൗന്ദര്യത്തിലുള്ള ശ്രദ്ധ എന്നിവ അകാരണമായി ഒഴിവാക്കുന്നത്.
🔴 ചെയ്തുകൊണ്ടിരുന്ന ജോലിയിലും ഏറ്റെടുത്ത ദൗത്യങ്ങളിലുമുള്ള അകാരണമായ പിൻമാറ്റം.
🔴 കണ്ണാടിയിലൊ ഫോട്ടോയിലോ സ്വന്തം മുഖം നോക്കിയുള്ള അസാധാരണ വികാരാധീന പ്രകടനങ്ങൾ
🔴 അസാധാരണമായ സ്വകാര്യ എഴുത്തുകുത്തുകൾ. ആത്മഹത്യാകുറിപ്പുകൾ.
🔴 സാധാരണ കാര്യങ്ങളിൽ കാണുന്ന അസാധാരണമായ ശ്രദ്ധയില്ലായ്മ.
🔴 നിലവിലുള്ള സാഹചര്യത്തിൽ നിന്നും മനസ്സുമാറി ഗൗരവമേറിയ ഏതോ ചിന്തിയിലാണ്ടിരിക്കുന്നത്.
🔴 ജീവനോടുക്കാനുള്ള മാർഗ്ഗങ്ങൾ ഇന്റർനെറ്റിലോ സംസാരത്തിലോ ബുദ്ധിപൂർവ്വം തിരയുന്നത്.
🔴 ജീവനൊടുക്കാനുള്ള ചില വസ്തുക്കൾ മുറിയിൽ രഹസ്യമായി സൂക്ഷിച്ചുവയ്ക്കുന്നത്.
🔴പെട്ടെന്ന് എല്ലാറ്റിനോടുമുള്ള താത്പര്യക്കുറവ്.
⬛ 2. സൂചന തരുന്ന സംസാരങ്ങൾ
🔴 "മതിയായി", "മരിച്ചാൽ മതിയായിരുന്നു", "ചിലതു തീരുമാനിച്ചിട്ടുണ്ട്", തുടങ്ങിയ ആത്മഹത്യാ സൂചകങ്ങൾ.
🔴 "നോക്കിക്കോ", "എല്ലാവരേയും ഞാൻ കാണിച്ചു തരാം" എന്നിങ്ങനെയുള്ള ഭീഷണികൾ.
🔴 തിയതിയും ദിവസവും പറഞ്ഞുള്ള തീരുമാന പ്രസ്താവനകൾ.
🔴 ആത്മഹത്യ ചെയ്യാനുള്ള ഉദ്യമത്തേയും മരണത്തേയും സാധൂകരിച്ചുള്ള സംസാരങ്ങൾ
🔴 ആത്മഹത്യ ചെയ്തവരെപ്പറ്റിയുള്ള സംസാരങ്ങൾ.
🔴 "എനിക്ക് ആരുമില്ല", "ജീവിക്കാൻ ഇനി ഒരു മാർഗ്ഗവുമില്ല", "ഞാൻ നശിച്ചു" തുടങ്ങിയ നിരാശയാർന്നതും മനസ്സു മടുത്തതുമായ വാക്കുകൾ.
🔴 അസാധാരണ ഗൗരവം പ്രകടമാകുന്ന ദൃഢമായ മറുപടികൾ.
⬛ 3.ശരീര-മുഖ ഭാവങ്ങളിൽ തെളിയുന്ന സൂചനകൾ
🔴 അതീവ ദുഃഖം അമർത്തിപ്പിടിച്ച നിറഞ്ഞ വാടിയ മുഖം.
🔴 അനുദിന പ്രവർത്തനങ്ങളിൽ ആവശ്യത്തിനു ശ്രദ്ധ ചെലുത്താത്ത, ഏകാഗ്രതയില്ലാത്ത കണ്ണുകളുടെ ചലനം.
🔴 ക്ഷീണം തോന്നുന്ന ശരീരം.
🔴 അകാരണമായ ശരീര വേദന.
🔴 കടുത്ത മാനസിക സമ്മർദ്ദം തോന്നുന്ന മുഖഭാവം.
🔴 എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാകുന്ന ദൃഢമായ ചലനങ്ങൾ.
🔴 ശരീരത്തിന്റ ഭാരം അസാധാരണമായി കുറയുന്നത്.
🔴 ലൈംഗീക ബന്ധത്തോടു പെട്ടെന്നുള്ള താത്പര്യക്കുറവ്.
🔴 വസ്ത്രധാരണത്തിലും അണിഞ്ഞൊരുങ്ങുന്നതിലുമുള്ള താത്പര്യക്കുറവുമൂലം കാഴ്ചയിൽ പ്രകടമാകുന്ന ശ്രദ്ധേയമായ മാറ്റങ്ങൾ.
🔴 സാധാരണ നിറത്തിൽ നിന്നും കൂടുതൽ ഇരുണ്ടതായി തോന്നുന്ന മുഖം.
🔴 സ്വതന്ത്രമായും സ്വാഭാവികമായും തമാശകളുടേയും വ്യക്തികളുടേയും മുമ്പിൽ ചിരിക്കാനുള്ള അസാധാരണ വിമുഖത.
⬛ 4. തീവ്രമായ വൈകാരിക നില
🔴 കൃത്യമായി വേർതിരിച്ചൂ മനസിലാക്കാനാവാത്ത അതിതീവ്രമായ വൈകാരിക പ്രശ്നങ്ങൾ
🔴 നിയന്ത്രണാധീതമായ നിരാശ, സങ്കടം, ദേഷ്യം, വൈരാഗ്യം.
🔴 തീരുമാനിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അടക്കിവച്ചിരിക്കുന്ന തീവ്ര വികാരങ്ങൾ.
----------------------------------------------
ആത്മഹത്യയുടെ സാധ്യത മനസ്സിലാക്കിയാൽ നാം ചെയ്യേണ്ട പ്രാഥമിക മനഃശാസ്ത്ര നടപടികൾ:
👇👇👇👇👇👇👇👇👇👇
👉 1, ആ വ്യക്തിക്കായി നിങ്ങൾ മുൻകൈ എടുക്കുക. ഉറച്ച തീരുമാനം എടുത്തവർ സഹായം ചോദിക്കില്ല. അതിനാൽ അടുപ്പം പ്രയോജനപ്പെടുത്തി അദ്ദേഹത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുക.
👉 2, സൗഹൃദം സ്ഥാപിക്കുക.
കുറ്റപ്പെടുത്തലോ, തെറ്റ്-ശരി പ്രസ്താവനകളോ, ഉപദേശങ്ങളോ ഈ അവസരത്തിൽ നടത്തരുത്.
എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യവും വിശ്വാസ്യതയുമുള്ള ആത്മാർത്ഥ സുഹൃത്തിനെയാണ് ആ വ്യക്തിക്ക് ഇവിടെ ആവശ്യം.
👉 3, നന്നായി കേൾക്കുക. മുൻവിധികൾ മാറ്റിവച്ച്, തിരിച്ചു പറയാൻ തിടുക്കം കൂട്ടാതെ, തിരക്കുകൾ ഒഴിവാക്കി ക്ഷമയോടെ അദ്ദേഹത്തിനു പറയാനുള്ളതു മുഴുവൻ കേൾക്കുക. പറയുന്ന വാക്കുകൾ മാത്രമല്ല, പറയാത്ത പ്രധാന കാര്യങ്ങളും ശ്രദ്ധിക്കുക. കേൾവിയിലൂടെ മാനസിക നില മനസ്സിലാക്കുക.
👉 4. ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തേയും പദ്ധതികളേയും സംബന്ധിച്ച് ഉചിതമായ രീതിയിൽ ചോദിച്ചു മനസ്സിലാക്കുക.
👉5. അദ്ദേഹം തീരുമാനിച്ചിരിക്കുന്ന ആത്മഹത്യ ചെയ്യരുതെന്നു പറയുന്നതിനു പകരം തത്കാലത്തേക്ക് അതു മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുക.
👉 6. പ്രൊഫഷണൽ സൈക്കോളജിസ്റ്റിന്റെയോ (സാധിക്കുന്നടുത്തോളം ക്ലിനിക്കൽ സൈക്കോളജിസ്റ്റുതന്നെ വേണം) സൈക്ക്യാട്രിസ്റ്റിന്റേയോ സഹായം സ്വീകരിക്കാൻ ആ വ്യക്തിയെ പ്രേരിപ്പിക്കുകയും അതിനുവേണ്ട ക്രമീകരണങ്ങൾ അടിയന്തിരമായി നടപ്പാക്കുകയും ചെയ്യുക. സമയം ഒരോ മിനിറ്റും ഇവിടെ വളരെയധികം വിലപ്പെട്ടതാണ് എന്നോർമ്മിക്കുക.
👉 7, വ്യക്തിയുടെ ഉത്തരവാദിത്വപ്പെട്ട ഏറ്റവും അടുത്ത ബന്ധുവിനെ ഉചിതമായ രീതിയിൽ ഗൗരവം മനസ്സിലാക്കുംവിധം വിവരം ധരിപ്പിക്കുക. വളരെയധികം ശ്രദ്ധയോടെ ഇതു കൈകാര്യം ചെയ്യണം.
👉 8, ആശങ്കകളോ അവ്യക്തതകളോ ഉണ്ടെങ്കിൽ നിങ്ങൾക്കു പരിചയമുള്ള, മാനസികാരോഗ്യ മേഖലയിൽ പ്രൊഫഷണലായി പ്രവർത്തിക്കുന്ന ഒരു വിദഗ്ദ്ധനോട് ഫോണിലോ നേരിട്ടോ എത്രയും വേഗം സംസാരിച്ച് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക.
👉 9, ആത്മഹത്യാപ്രവണതയുള്ള വ്യക്തിയുടെ നീക്കങ്ങൾ നിങ്ങളുടെ കരുതലുള്ള ഹൃദയത്തോടെ നിരന്തരം നിരീക്ഷിക്കുക.
👉 10, ആത്മഹത്യ ചെയ്യാനുള്ള നീക്കങ്ങളുമായി അയാൾ മുന്നോട്ടുപോകുന്ന പക്ഷം പോലീസ് സഹായം തേടുകയും ഉചിതമായ രീതിയിൽ ഫലപ്രദമായ രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുകയും ചെയ്യുക.
ഇത്തരം സന്ദർഭങ്ങളിൽ ആത്മഹത്യയെ പ്രതിരോധിക്കുവാൻ നിങ്ങളോടൊപ്പം ഞാനും എന്റെ സുഹൃത്തുക്കളും സജീവമായുണ്ട്. സാഹചര്യത്തിന്റെ ഗൗരവമനുസരിച്ച് ഏതു സമയത്തും എന്നെ വിളിക്കാം. ജീവന്റെ മണമുള്ള മനസ്സ് നമ്മിലും നമുക്ക് ചുറ്റും വളരട്ടെ!!!
- Rixon Jose