പട്ടണത്തിലെ മികച്ച വ്യാപാരിയാണ് കാസീം ഭായി. സ്വന്തം വീട് മറ്റൊരു പട്ടണത്തിലും. നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ച കാസീം സൗകര്യാർത്ഥം താൻ സമ്പാദിച്ച നാണയങ്ങളെല്ലാം കൊടുത്ത് ഒരു അമൂല്യമായ രത്നം വാങ്ങി. അതു നെഞ്ചോടു ചേർത്തുപിടിച്ച് യാത്രയാരംഭിച്ചു. പക്ഷെ പ്രതീക്ഷിച്ച സമയത്ത് വീട്ടിൽ എത്തിച്ചേരാനായില്ല. രാത്രിയായി. കൂരിരുട്ടിൽ ജീവിത സമ്പാദ്യമായ ആ അമൂല്യ രത്നം നെഞ്ചോടു ചേർത്തു പിടിച്ച് നടപ്പു തുടർന്നു. അപ്പോൾ ഒരു മിന്നാമിനുങ്ങ് ആ വഴി വന്നു. അദ്ദേഹം അതിനെ പരിഗണിച്ചതേയില്ല. കൂരിരുട്ടിൽ തനിക്ക് വഴി കാട്ടിത്തരാൻമാത്രം ശക്തിയേറിയ വെളിച്ചമൊന്നുമില്ലാത്ത മിന്നാമിനുങ്ങിനെ ആരു പരിഗണിക്കാൻ!!! സാഹസികമായ ഈ യാത്രയ്ക്കിടയിൽ ഒരു കല്ലിൽ തട്ടി കാസീം ഭായി അതാ വീണു. "പൊത്തോ" പറഞ്ഞുള്ള ആ വീഴ്ചയിൽ കൈയിൽ സൂക്ഷിച്ചിരുന്ന അമൂല്യമായ രത്നം എങ്ങോ വീണുപോയി. ചുറ്റും തപ്പിനോക്കി. ഒരു രക്ഷയുമില്ല.
പണി പാളി. അപ്പോഴാണ് അത്ഭുതകരമാംവിധം വീണ്ടും വന്നു ആ മിന്നാമിനുങ്ങ്. കൂരിരുട്ടിൽ ചുറ്റും നോക്കി നിസഹായനും നിരാശനുമായിരുന്ന കാസീം മിന്നാമിനുങ്ങിനെയൊന്നു നോക്കി. മിന്നാമിനുങ്ങോ, കാര്യങ്ങൾ മനസിലാക്കിയതുപോലെ കാസീമിനുചുറ്റും വട്ടമിട്ടു പറന്നു. അപ്പോഴാണ് അയാൾ ഒരു കാര്യം ശ്രദ്ധിച്ചത്. മിന്നാമിനുങ്ങിൻറെ ചെറു വെളിച്ചത്തിൽ പുല്ലുകൾക്കിടയിൽ ഒരു തിളക്കം. മിന്നാമിനുങ്ങിൻറെ മിന്നി മായുന്ന വെളിച്ചം കൈവിട്ടുപോയ അമൂല്യം രത്നം വീണ്ടെടുക്കുന്നതിനു അതുല്യ സഹായമായിമാറി. എഴുന്നേറ്റ് മിന്നാമിനുങ്ങിനെ ഒന്നു തിരിഞ്ഞു നോക്കിയിട്ട് ആ അമൂല്യ രത്നം നെഞ്ചോടു ചേർത്തുപിടിച്ച് അയാൾ യാത്ര തുടർന്നു. മറ്റെവിടെയൊ പോകാനുള്ള ധൃതിയോടെ മിന്നാമിനുങ്ങും എങ്ങോ മറഞ്ഞു. പൊതു ജനം പരിഗണിച്ചില്ലെങ്കിലും വലിയ പ്രഭയൊന്നുമില്ലെങ്കിലും ലാഭവിഹിതങ്ങളുടെ കണക്കുകളില്ലെങ്കിലും നമ്മിലെ സ്നേഹ സേവനങ്ങൾ തുടർന്നുകൊണ്ടേയിരിക്കണം. പ്രതിസന്ധികളിൽ തട്ടി ജീവിതയാത്രയിൽ സംഭവിച്ച വീഴ്ചകൾമൂലം മനഃസമാധാനം, ബന്ധം, പ്രത്യാശ മുതലായ അമൂല്യ രത്നം കൈവിട്ടുപോയവർക്ക് അതു തിരികെ നേടുന്നതിനു നമ്മിലെ നിലയ്ക്കാത്ത വെളിച്ചം അതെത്ര ചെറുതാണെങ്കിലും ഒരു വലിയ സഹായമായിരിക്കും. തിരികെയൊന്നും പ്രതീക്ഷിക്കാതെ, കൈയടികളൊന്നും കൊതിയ്ക്കാതെ, തളർച്ചകളിൽ നിലയ്ക്കാതെ നിത്യം തുടരണം നമ്മിലെ നൻമയുടെ പ്രകാശം.