വിവാഹത്തിനൊരുങ്ങുമ്പോൾ...

വിവാഹത്തിനൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ അഞ്ചു മനഃശാസ്ത്ര വസ്തുതകൾ ചുവടെ ചേർക്കുന്നു. വിവിധ കുടുംബ പ്രശ്നങ്ങളെ അടുത്തറിയാൻ ലഭിച്ച കൗൺസിലീംഗ്  അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാനിതു കുറിക്കുന്നത്. വിവാഹത്തിനൊരുങ്ങുന്നവർ ദയവായി ഇതു വായിക്കണം.

1.മനഃപൊരുത്തം.
വിവാഹ ജീവിതത്തിനുവേണ്ട ഏറ്റവും പ്രധാന പൊരുത്തം വ്യക്തിത്വങ്ങളുടെ പരസ്പര പൊരുത്തമാണ്. പങ്കാളിയുടെ താത്പര്യങ്ങളിലും സ്വഭാവ രീതികളിലും ചിന്താഗതികളിലും പ്രതികരണങ്ങളിലും വിശ്വാസങ്ങളിലും എത്രമാത്രം നിങ്ങൾക്കു യോജിച്ചു പോകാൻ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ മാനസിക പൊരുത്തം. പത്തിൽ എത്ര മാർക്കു കൊടുക്കാം ഈ  പൊരുത്തത്തിന്

എന്നാലോചിക്കണം. പകുതിയിലും താഴെയാണെങ്കിൽ കുടുംബ ജീവിതം മുന്നോട്ടു പോകുന്നതിന് അസാമാന്യ സഹിഷ്ണതയും ക്ഷമയും വേണ്ടിവരും. മറ്റെന്തൊക്കെ പൊരുത്തങ്ങളുണ്ടെങ്കിലും വ്യക്തിത്വ പൊരുത്തമില്ലെങ്കിൽ അതുകൊണ്ടൊന്നും പ്രയോജനമില്ല എന്നു മനസിലാക്കിയിരിക്കണം.

2. പ്രണയം.
വിവാഹ ബന്ധത്തിന്റെ കെട്ടുറപ്പും ഊഷ്മളയും നിർണ്ണയിക്കുന്നത് പരസ്പരമുള്ള പ്രണയത്തിലാണ്. ജീവിത പങ്കാളിയെ പ്രണയിക്കാനാവാത്ത  വിവാഹം ശ്വാസം നിലച്ച ശരീരം പോലെയാണ്. ആരുടേയും ഒന്നിന്റേയും  സമ്മർദ്ദത്താലല്ലാതെ, പങ്കാളിയെ  പ്രണയിക്കാനുള്ള സാധ്യതയെ വിലയിരുത്തിയായിരിക്കണം വിവാഹം ചെയ്യേണ്ടത്. വിവാഹത്തിനു മുമ്പ്  പരസ്പരം സംസാരിക്കുന്നതിനും മനസിലാക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും സമയവും സാഹചര്യങ്ങളും സൃഷ്ടിക്കണം.  പ്രണയം തോന്നാത്ത വ്യക്തിയെ വിവാഹം ചെയ്യുന്നതിൽ യാതൊരു യുക്തിയുമില്ല. കാരണം പ്രണയമാണ് ദാമ്പത്യ ബന്ധത്തിന്റെ ആത്മാവ്.

3. മനോഭാവം.
ആധുനിക കാലഘട്ടത്തിൽ വിവാഹത്തിനു പിന്നിലെ പ്രധാന ഘടകം മനോഭാവമാണ്. ഇന്ന് സ്ത്രീകൾ വിവാഹം ചെയ്യുന്നത് ജീവിക്കാൻ ഒരു പുരുഷ സഹായം വേണം എന്നതുകൊണ്ടല്ല. ഓരോ സ്ത്രീയും പരാശ്രയം കൂടാതെ ജീവിക്കാനുള്ള ആർജ്ജവമുള്ളവളാണ്. വിവാഹ ബന്ധം തകർന്നാൽ എങ്ങനെ ജീവിക്കും എന്ന ഉത്കണ്ഠക്കൊന്നും ഇന്നു വലിയ പ്രസക്തിയില്ല. ഒന്നിച്ചുള്ള ജീവിതത്തിന്റെ കംഫർട്ട് ആണ് ഇന്നു പ്രധാന കാര്യം. സുഖവും സ്വസ്ഥതയും. ഇതു ഓരോരുത്തരുടേയും മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഈ മനോഭാവം അറിയാൻ സാധിക്കുന്നത് പ്രധാനമായും വിവാഹത്തെ സംബന്ധിച്ച  പ്രതീക്ഷകളിൽ നിന്നാണ്. വിവാഹ ജീവിതത്തിൽ നിന്ന്, പങ്കാളിയിൽ നിന്ന്, പങ്കാളിയുടെ കുടുംബാംഗങ്ങളിൽ നിന്ന്, വിവാഹശേഷമുള്ള വ്യക്തിപരമായ ജീവിതത്തിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നു എന്ന ചോദ്യത്തിന് ഇവിടെ പ്രാധാന്യമുണ്ട്. ആഗ്രഹങ്ങളെകുറിച്ചും ചോദിക്കണം. ആ ഉത്തരങ്ങളിൽ നിന്ന് മനോഭാവത്തെ തിരിച്ചറിയാം.

4. സഹിഷ്ണത.
വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന ആദ്യ ഘട്ടങ്ങളിൽ തമ്മിൽ ചേരുന്ന കാര്യങ്ങളായിരിക്കും പരസ്പരം  കൂടുതലും കാണുന്നത്. വിവാഹ ശേഷം ഒന്നിച്ചു ഒരേ ബെഡിൽ, ഒരേ മുറിയിൽ, ഒരേ സാഹചര്യത്തിൽ ഒരു പരിധിയിൽ കൂടുതൽ അഭിനയിക്കാനും മറച്ചുവയ്ക്കാനും കഴിയാത്തവിധം അടുത്തിടപെഴകുമ്പോഴാണ് തനിക്ക് ഇഷ്ടപെടാത്ത പലതും ശ്രദ്ധയിൽപെടുന്നത്. വ്യക്തികൾ ഓരോരുത്തരും പരസ്പരം വ്യത്യസ്തരാണ് എന്നതാണ് ഇതിനു കാരണം. പല വ്യത്യസ്തതകളേയും ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. അവിടെ സഹിഷ്ണതയാണ് ഏക മരുന്ന്. പരാനുഭൂതിയോടെ പങ്കാളിയോട് സഹിഷ്ണുത കാണിക്കുന്നതിലാണ് വിവാഹത്തിന്റ നിലനിൽപ്. ആധുനിക ബന്ധങ്ങളിലെ ഒരു പ്രധാന കുറവ് സഹിഷ്ണതയില്ലായ്മയാണ്. വിവാഹ ജീവിതത്തിൽ അതൊരു വല്ലായ്മതന്നെ!!!

5. തുല്യത.
ഓരോരുത്തരും സ്വതന്ത്രരാണ്. ആ വ്യക്തി സ്വാതന്ത്രം മൗലീക അവകാശവുമാണ്. വിവാഹം ഈ മൗലീക അവകാശത്തിലുള്ള കടന്നുകയറ്റമല്ല. വിവാഹത്തെ ജീവിത പങ്കാളിയെ നിയന്ത്രിക്കാനുള്ള ചങ്ങലയായി കരുതരുത്. ഞാൻ സ്വാതന്ത്ര്യം കൊടുത്തു എന്നു വീമ്പടിക്കുന്നതിലും അർത്ഥമില്ല. കാരണം അതു അവകാശമാണ്. അതുകൊണ്ട് ജീവിത പങ്കാളിയുടെ സാമൂഹിക ബന്ധങ്ങളേയും സൗഹൃദങ്ങളേയും പ്രവർത്തന ശൈലിയേയും ജീവിത രീതിയേയും ബഹുമാനിക്കാൻ സാധിക്കണം. മാറ്റം വരുത്തേണ്ട കാര്യങ്ങൾ ബഹുമാനപൂർവ്വം ശ്രദ്ധയിൽപ്പെടുത്തുക. ആഗ്രഹിക്കുന്നപോലെ മാറണമെന്ന വാശിയും ശാരീരിക ഉപദ്രവങ്ങളും അടിച്ചേൽപ്പിക്കുന്ന ചട്ടങ്ങളും വിവാഹ ജീവിതത്തിനു ഒരു തരത്തിലും ചേരാത്തതാണ്. "എന്റെമാത്രം സ്വന്തം... എന്റേതു മാത്രം... ആർക്കും വിട്ടുകൊടുക്കില്ല..." എന്നൊക്കെയുള്ള കാഴ്ചപ്പാടുകൾ അടിമത്വത്തിന്റേതും ഏകാധിപത്യത്തിന്റേതുമാണ്. ഭയമൊ അധികാര ചിന്തയോ ആകാം ഇതിനു  കാരണങ്ങൾ. ഇതൊന്നുമല്ല സ്നേഹം. സ്നേഹം സ്വാതന്ത്ര്യമാണ്. പിടിച്ചെടുക്കേണ്ടതല്ല തിരിച്ചറിയേണ്ടതാണ് സ്നേഹം. വ്യക്തിസ്വാതന്ത്ര്യം നൽകുന്ന തുല്യതയെ ബഹുമാനിക്കാം.

- റിക്സൺ ജോസ്

Leave a reply

Your email address will not be published. Required fields are marked *