"സർ, ജീവിതം മടുത്തു സർ!!! എങ്ങനെയെങ്കിലും ഒന്നു മരിച്ചാൽ മതിയായിരുന്നു. ആത്മഹത്യ ചെയ്യാൻ എനിക്കു ധൈര്യമില്ല. ജീവിക്കാൻ ആഗ്രവുമില്ല. മതിയായി സർ!!! എനിക്കെല്ലാം മതിയായി!!!"
യൗവ്വനം തുളുമ്പുന്ന ഇരുപതു വയസുകാരനായ ആ എഞ്ചിനീറീംഗ് വിദ്യാർത്ഥി എന്നോടു ഇങ്ങനെ പറഞ്ഞു നിർത്തി. ജീവിതം തുടങ്ങിയപ്പോൾത്തന്നെ അവനതു മതിയായത്രെ! അണയാൻ കൊതിക്കുന്ന സൂര്യനെപ്പോലെ അവൻ എൻറെ മുമ്പിൽ മനസു തളർന്ന് മുഖം വാടി നിരാശയുടെ നിശബ്ദതയിൽ തലകുനിച്ചിരുന്നു. ആയുസും ആരോഗ്യവും സമ്പത്തുമുള്ള ഈ യുവാവിന് എന്തുകൊണ്ടു ജീവിതം മടുത്തു എന്നത് ഇവിടെ പ്രസക്തമായ ഒരു ചോദ്യമാണ്. അതിനുള്ള ഉത്തരമായി ഇതാ മറ്റൊരനുഭവം.