പ്രളയം സൃഷ്ടിച്ച ദുരന്തത്തിൽ മനസ്സു തകർന്നവരെ കണ്ടെത്തി അവർക്കു പ്രാഥമിക കൗൺസിലീംഗ് സേവനം എങ്ങനെ നൽകാം എന്നതിനെ സംബന്ധിച്ച് സന്നദ്ധ പ്രവർത്തകർക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
1
അതിജീവിക്കാൻ കരുത്തു പകരാം
ഒരു മഹാദുരന്തത്തെ നമ്മുടെ നാട് അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തമുഖത്തു നിന്നും രക്ഷപ്പെട്ടവർ നിരവധിയാണ്. പക്ഷെ ദുരന്തത്തിന്റെ മാനസികാഘാതം പലരിലും നിലനിൽക്കുന്നുണ്ടാകാം. ഇവരിലേക്കാണ് നമ്മൾ ആശ്വാസവുമായി കടന്നു ചെല്ലേണ്ടത്. ആശ്വാസവും കരുത്തും വീണ്ടെടുത്ത് ദുരന്തത്തിന്റ അനന്തര ഫലങ്ങളെ നേരിടാനും ജീവിതത്തിലേക്ക് തിരിച്ചു വരുവാനും നമ്മൾ നൽകുന്ന ഈ അടിയന്തിര സഹായത്തെ സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് (പ്രാഥമിക മനഃശാസ്ത്ര സേവനം) എന്നു പറയുന്നു. ഇതു സാധാരണ മനഃശാസ്ത്ര കൗൺസിലീംഗ് അല്ല. രോഗ നിർണ്ണയമോ ദുരന്തകഥയുടെ അനാവരണമോ അല്ല. ഇത് പ്രത്യേകമായ ചില ലക്ഷ്യങ്ങളോടെ നടത്തുന്ന അടിയന്തിര മനഃശാസ്ത്ര സഹായമാണ്. മനഃശാസ്ത്ര വിദഗ്ദ്ധർത്തന്നെ ഇതു ചെയ്യണമെന്നില്ല. പരാനുഭൂതിയുടെ മനോഭാവവും പ്രാഥമിക അറിവും വിവേകവുമാണ് ഇതിൽ ഏർപ്പെടുന്നവർക്കു വേണ്ട അത്യാവശ്യ യോഗ്യതകൾ. നിങ്ങൾക്കും ഈ സന്നദ്ധപ്രവർത്തനത്തിൽ സജീവമാകാം. വരൂ, നമുക്കും മുന്നിട്ടിറങ്ങാം.
ഏഴു ലക്ഷ്യങ്ങളാണ് ഈ പ്രാഥമിക മനഃശാസ്ത്ര സേവനത്തിനുള്ളത്.
1, സുരക്ഷിതത്വവും പ്രാഥമിക ആരോഗ്യവും ഉറപ്പുവരുത്തുക.
2, മനഃസ്സ് ശാന്തമാക്കുക
3, മാനസിക സമ്മർദ്ദവും ഉത്കണ്ഠയും നിരാശയും കുറയ്ക്കുക
4, നിലവിലുള്ള ആവശ്യങ്ങളെ തിരിച്ചറിയുക
5, സേവന ദാതാക്കളുമായി ബന്ധിപ്പിക്കുക
6, സാമൂഹിക ബന്ധങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുക
7, അതിജീവിക്കാനുള്ള മനോഭാവവും (Resilience) മാനസിക കഴിവുകളും (Life Skills) വർദ്ധിപ്പിക്കുക.
ഈ ലക്ഷ്യങ്ങൾ അതിവേഗം കൈവരിക്കുക എന്നതാണ് പ്രാഥമിക മനഃശാസ്ത്ര സേവനം വഴി ഉദ്ദേശിക്കുന്നത്.
2
ദുരന്തംമൂലം മനസു തളർന്നവർ!!!
പ്രളയ ദുരന്തത്തെ നേരിട്ട എല്ലാവർക്കും അടിയന്തിര മനഃശാസ്ത്ര സേവനം ആവശ്യമായിരിക്കില്ല. ദുരന്തംമൂലം തീവ്രമായ മാനസിക പ്രയാസം അനുഭവിക്കുന്നവർക്കു മാത്രമാണ് ഈ സേവനം ആവശ്യമായിരിക്കുന്നത്.
പ്രളയ ദുരന്തത്തെ നേരിട്ടതുമൂലം മാനസികമായി പ്രയാസത്തിലായിരിക്കുന്ന വ്യക്തികളെ അഞ്ചു തരമായി വേർതിരിക്കാം. അവർക്ക് നമ്മുടെ സേവനം ഉറപ്പുവരുത്തണം.
- പ്രളയ ദുരന്തം മൂലം മരണത്തെ അഭിമുഖീകരിച്ചവർ. രക്ഷപ്പെട്ടുവെങ്കിലും ജീവൻ നഷ്ടപ്പെട്ടുപോകും എന്നു കരുതി ഭയപ്പെട്ടുപോയവരാണ് ഇവർ.
- പ്രളയം മൂലം ഉറ്റബന്ധുക്കളെയോ ആത്മ മിത്രങ്ങളേയോ മരണം മൂലം നഷ്ടപ്പെട്ടവർ.
- ദുരന്തമുഖത്തെ ഭീകരമായ തകർച്ചകളും മരണങ്ങളും കണ്ട് ഭയപ്പെട്ടുപോയവർ.
- ഗുരുതരമായ നാശ നഷ്ടങ്ങൾ നേരിട്ടവർ. അവർക്ക് വളരെയധികം വിലപ്പെട്ടതും വീണ്ടെടുക്കാൻ പ്രയാസമുള്ളതുമായ വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടാകും.
- ദുരന്തത്തിനു മുമ്പും നാളുകളായി ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗങ്ങളോ മാനസിക പ്രശ്നങ്ങളോ അനുഭവിച്ചുകൊണ്ടിരിക്കുന്നവർ. ദുരന്തം അവരുടെ മാനസിക നിലയെ കൂടുതൽ വഷളാക്കിയിട്ടുണ്ടാകാം.
ഇങ്ങനെയുള്ളവരെ നാം കണ്ടെത്തി അവരുടെ സമീപത്തേക്ക് ആശ്വാസവുമായി നമുക്ക് കടന്നു ചെല്ലുവാനാകണം.
3
നമ്മുടെ അടിയന്തിര സേവനം ആവശ്യമുള്ളവർ ആരൊക്കെ?
ദുരന്തംമൂലം മനസു തളർന്നവരിൽ നമ്മുടെ ശ്രദ്ധയും സേവനവും അതിവേഗം ആവശ്യമുള്ളവരെ നമുക്ക് തിരിച്ചറിയാനാകണം. അവരിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡോക്ടേഴ്സ് തുടങ്ങിയ വിദഗ്ദ്ധരുടെ സേവനം ആവശ്യമനുസരിച്ച് അടിയന്തിരമായി എത്തിക്കുകയും ചെയ്യണം. അടിയന്തിര സേവനം ആവശ്യമുള്ളവർ പ്രധാനമായും മൂന്നു തരം:
- അടിയന്തിരമായി വൈദ്യ പരിശോധനയും ചികിത്സയും ആവശ്യമുള്ളവർ.
(Persons Need Emergency Medical Service)
മുറിവ്, അണുബാധ, മാനസിക നിയന്ത്രണം നഷ്ടപ്പെടൽ, അബ്നോർമൽ ലക്ഷണങ്ങളും അസാധാരണ അനുഭവങ്ങളും അനിയന്ത്രിതമായ പെരുമാറ്റങ്ങളും പ്രകടിപ്പിക്കുന്നവർ, ഏതെങ്കിലും തരത്തിലുള്ള ശാരീരികാസ്വാസ്ഥ്യം കാണിക്കുന്നവർ, ഇത്തരത്തിലുള്ളവർക്ക് വൈദ്യപരിശോധനയും ചികിത്സയും സാധിക്കുന്നത്ര വേഗത്തിൽ ലഭ്യമാകേണ്ടവരാണ്.
- ജീവഹാനിയെക്കുറിച്ച് ചിന്തിക്കുന്നവർ.
(Persons in Threat of Harming Life)
മാനസികമായി തകർന്ന് ആത്മഹത്യ ചെയ്യുവാൻ ചിന്തിക്കുകയോ തീരുമാനിക്കുകയോ പരിശ്രമിക്കുകയോ ചെയ്യുന്നവർ; ഈ ദുരന്ത സാഹചര്യത്തിൽ മറ്റുള്ളവരെ വകവരുത്താൻ ചിന്തിക്കുന്നവർ; നഷ്ടങ്ങൾ താങ്ങാനാവില്ലായെന്നു കരുതി കുടുംബത്തോടെ ജീവഹാനിയെപ്പറ്റി ചിന്തിക്കുന്നവർ. ഇവർക്ക് അടിയന്തിരമായി മനോരോഗ വിദഗ്ദധരുടെ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്) സേവനം ലഭ്യമാക്കേണ്ടതുണ്ട്.
- മാനസികാഘാതം മൂലം അനുദിന ജീവിതത്തിൽ അത്യന്താപേക്ഷിതമായ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കാത്തവർ.
(Persons Unable To Do Their Daily Activities)
മനസ് ഏകോപിപ്പിക്കാൻ സാധിക്കാത്തതുകൊണ്ട് (Loss of Concentration & Controle), കടുത്ത മാനസിക സമ്മർദ്ദംമൂലം (Acute Stress Reaction) , പ്രതീക്ഷ നഷ്ടപ്പെട്ടതുമൂലം (Hopelessness) എന്നിങ്ങനെ വിവിധ കാരണങ്ങളാൽ മനസ്സ് തളർന്നതിനാൽ അനുദിന ജീവിതത്തിന് അത്യാവശ്യമായ ഉറക്കം, ശുചിത്വം, വ്യക്തിപരമായ ആവശ്യങ്ങൾ, ഭക്ഷണം, സംസാരം, ഇങ്ങനെ സാധാരണ ജീവിതത്തിലെ അത്യാവശ്യ കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്തവരാണ് ഇവർ. ഇവർക്കും മനഃശാസ്ത്ര വിദഗ്ദരുടെ സേവനം അടിയന്തിരമായി ക്രമീകരിക്കേണ്ടതുണ്ട്.
4
നാം ചെയ്യാൻ പാടില്ലാത്ത പത്തു കാര്യങ്ങൾ!!!
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രാഥമിക മനഃശാസ്ത്ര സേവനത്തിൽ ഏർപ്പെടുന്നവർ ചെയ്യാൻ പാടില്ലാത്ത പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്നു നാം ഓർത്തിരിക്കണം. ഉപകാരമെന്നു കരുതി ചെയ്യുന്നത് ചിലപ്പോൾ അവർക്ക് ഉപദ്രവമായി മാറിയേക്കാം. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകാതിരിക്കാൻ താഴെ കൊടുത്തിരിക്കുന്നവ പ്രത്യേകം ശ്രദ്ധിക്കുമല്ലോ!!!
- ഉപദേശിക്കരുത്.
നീണ്ട വാചകങ്ങൾ ഉപയോഗിച്ച് വാക്ചാതുര്യത്തോടെ നമ്മുടെ ആശയങ്ങൾ ഉപദേശങ്ങളായി അവരിൽ അടിച്ചേൽപ്പിക്കരുത്. അസ്വസ്ഥരാകാനും സ്ട്രെസ്സ് കൂടുവാനും ഉപദേശങ്ങൾ കാരണമാകും. - അവരുടെ നഷ്ടങ്ങളെ/ പ്രയാസത്തെ നിസാരവത്കരിക്കരുത്.
"സാരമില്ല" എന്നു പറയുന്നത് പതിവാണ്. പറയുന്ന ആളുടെ ധാരണയിൽ അതത്ര സാരമല്ലായിരിക്കാം. പക്ഷെ ദുരന്തത്തിൽപ്പെട്ടവർക്ക് അവരുടെ നഷ്ടങ്ങൾ നിസാരമല്ല. - സംസാരിക്കാൻ നിർബന്ധിക്കരുത്.
സംസാരിക്കാൻ വിവിധ രീതിയിൽ ക്ഷണിക്കാം. പക്ഷെ നിർബന്ധിക്കുന്നത് പ്രയാസമുണ്ടാക്കും. - ചെയ്യാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ നൽകരുത്.
ദുരിതത്തിലായവർക്ക് ലഭിക്കുന്ന സഹായ വാഗ്ദാനങ്ങളെ അവർ ഒരുപാട് ആശ്രയിക്കും. അതു ലഭിക്കാതായാൽ കൂടുതൽ നിരാശപ്പെടും. - യോഗ്യയില്ലാതെ ചികിത്സകരാകരുത്.
അവരുടെ ആരോഗ്യ-മാനസിക പ്രശ്നങ്ങളിൽ ഒറ്റമൂലികളോ കേട്ടറിവുള്ള മരുന്നുകളോ തെറാപ്പികളൊ കൊടുത്ത്, വിദഗ്ദധരിലേക്കെത്തിക്കാതെ, എളുപ്പത്തിൽ ചികിത്സിക്കാൻ നോക്കരുത്. അവരുടെ പ്രശ്നം വഷളാകാൻ ഇതു കാരണമായേക്കാം. - അവർ പ്രകടിപ്പിക്കുന്ന വികാരങ്ങളുടെ ശരിയും തെറ്റും കണ്ടെത്തി വിധിക്കാൻ ശ്രമിക്കരുത്.
"അങ്ങനെ ചിന്തിക്കുന്നത് തെറ്റാണ്", "പാപമാണ്", "ഇതാണ് ശരി" എന്നിങ്ങനെ ശരിയും തെറ്റും പറയരുത്. മാനസിക സംഘർഷം സൃഷ്ടിക്കാൻ ഇതു കാരണമാകും. - സ്വന്തം കഥയും സ്ഥാനങ്ങളും യോഗ്യതകളും വിവരിച്ച് തങ്ങളെത്തന്നെ വലുതായിക്കാണിക്കാൻ ശ്രമിക്കരുത്.
അടിയന്തിര സേവനത്തിലാണ് എന്ന ലക്ഷ്യബോധം നഷ്ടപ്പെടാനും അരോചകത്വം സൃഷ്ടിക്കാനും ഇതു കാരണമാകും. - അടിയന്തിര സാഹചര്യത്തിലുള്ള ഈ സഹായത്തെ വ്യക്തിപരമായ സൗഹൃദമായോ മറ്റെന്തെങ്കിലും ബന്ധമായോ മാറ്റരുത്. സഹായം ചെയ്തു കടന്നു പോകുക. വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാനോ വൈകാരിക ആശ്രയത്വം സൃഷ്ടിക്കുവാനോ പരിശ്രമിക്കരുത്.
- പണമോ പാരിതോഷികമോ കൈപ്പറ്റരുത്. ഇതൊരു സൗജന്യ സേവനവും സാമൂഹ്യ പ്രവർത്തനവുമാണ്. പ്രതിഫലം അവർ വാഗ്ദാനം ചെയ്താലും സ്വീകരിക്കരുത്.
- അവർ പറയുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയരുത്. സമാന അവസ്ഥയിലുള്ളവരോടോ, കൂടെ സേവനം ചെയ്യുന്നവരോടോ, കുടുംബാംഗങ്ങളോടോ കേട്ടവ വെളിപ്പെടുത്തരുത്. ആരോഗ്യ വിദഗ്ധരോടും അധികാരികളോടും ആവശ്യമനുസരിച്ച് പറയുന്നതിനെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്.
നാം ചെയ്തിരിക്കേണ്ട പത്തു കാര്യങ്ങൾ!!!1. സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക.
സാഹചര്യങ്ങളും ആരോഗ്യവും മനസ്സും സുരക്ഷിതമാണോയെന്ന് പരിശോധിക്കുകയും അതിനാവശ്യമായവ ലഭ്യമാക്കുകയും ചെയ്യുക.- ശാന്തരാകുവാൻ സഹായിക്കുക.അസ്വസ്ഥതയും സങ്കടവും നിരാശയും ടെൻഷനിലാക്കിയിരിക്കുന്ന മനസിനെ പിരിമുറുക്കങ്ങളിൽ നിന്നും ശാന്തമാകുവാൻ സഹായിക്കുക.
- ബന്ധങ്ങൾ പുനസ്ഥാപിക്കുവാൻ സഹായിക്കുക.സ്വന്തക്കാരെയും സൃഹൃത്തുക്കളേയും ബന്ധപ്പെടുവാനും അവരുടെ കൂടെ ആയിരിക്കുവാനും ആവശ്യമായവ ചെയ്തുകൊടുക്കുക.
- അതിജീവിക്കുന്നതിൽ സ്വയംപര്യാപ്തരാകുവാൻ സഹായിക്കുക.നല്ല തീരുമാനങ്ങളെടുക്കുവാനും ആവശ്യങ്ങൾ സ്വയം നേടിയെടുക്കുവാനും വികാരങ്ങളേയും ചിന്തകളേയും സ്വയം നിയന്ത്രിക്കുവാനും ആവശ്യമായ കഴിവ് ആർജ്ജിക്കുവാൻ സഹായിക്കുക.
- പ്രതീക്ഷയും പ്രത്യാശയും വീണ്ടെടുക്കുവാനും വർദ്ധിപ്പിക്കുവാനും സഹായിക്കുക.ഏതു തകർച്ചയിൽ നിന്നും ജീവിതം പടുത്തുയർത്താനുള്ള പ്രതീക്ഷയും പ്രത്യാശയും ലഭിച്ച് മാനസികമായി കരുത്താർജ്ജിക്കാൻ സഹായിക്കണം.
- പരാനുഭൂതിയോടെ മനസ്സിലാക്കുകഅവരുടെ പ്രശ്നങ്ങളിൽ അവരോടൊത്ത് വൈകാരികമായി താദാത്മ്യപ്പെടാതെ ആ പ്രശ്നങ്ങളെ ബുദ്ധിപൂർവ്വം തിരിച്ചറിയുക. പ്രശ്നങ്ങളെ യുക്തി ഉപയോഗിച്ച് മനസ്സിലാക്കുക.
- പറയുന്നതെന്തും ക്ഷമയോടെ കേൾക്കുക.തീവ്രമായ പ്രയാസത്തെ ആഭിമുഖീകരിച്ചവരാണവർ. പറയാനേറെക്കാണും. മടുപ്പു കാണിക്കാതെ, അങ്ങോട്ട് പറയാൻ വെമ്പൽക്കൊള്ളാതെ അവരെ കേൾക്കുക.
- വിഷമകരമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സഹായിക്കുക.നഷ്ടങ്ങളുടേയും ദുരിതത്തിന്റേയുമായ മാറിയ സാഹചര്യങ്ങൾ ഉൾക്കൊള്ളുവാനും അതിനോട് പൊരുത്തപ്പെടുവാനും സഹായിക്കുക.
- അതീജീവനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സഹായിക്കുക.കഴിഞ്ഞുപോയ ദുരന്ത ഘട്ടത്തിന്റെ ആഘാതത്തിൽ നിന്നും മനസ്സ് ഇന്ന്, ഇപ്പോൾ എന്ന വർത്തമാനകാല അനുഭവങ്ങളിലേക്കും ആവശ്യങ്ങളിലേക്കും തിരിച്ചു വരുവാൻ സഹായിക്കുക.
- സൗമ്യതയോടെയും കരുണയോടെയും കരുതലോടെയും ചുരുങ്ങിയ വാചകങ്ങളിൽ അവർക്കു മനസ്സിലാകുംവിധം സംസാരിക്കുക.അമിതമായ ആവേശമോ തിടുക്കമോ ഇല്ലാതെ മര്യാദയും മാന്യതയും നിറഞ്ഞ രീതിയിൽ സംസാരിക്കുക.
6
ദുരന്ത മേഖലയിലെ പ്രാഥമിക മനഃശാസ്ത്ര സഹായത്തിൽ WHO നിർദ്ദേശിക്കുന്ന മൂന്ന് അടിസ്ഥാന തത്വങ്ങൾ!!!!*
ലോകാരോഗ്യ സംഘടന (WHO) നൽകുന്ന ഈ മുന്ന് കാര്യങ്ങളെ ദുരന്ത മേഖലയിലെ പ്രാഥമിക സേവനത്തിന്റെ മൂന്നു ഘട്ടങ്ങളായി (THREE STEPS PLAN) വേണം കരുതാൻ.
- LOOK
പ്രാഥമികമായി വ്യക്തിയെ സമീപിക്കുമ്പോൾ വ്യക്തിയെയും സാഹചര്യത്തേയും വേണ്ടവിധം നിരീക്ഷിക്കുക. ഈ നിരീക്ഷണത്തിൽ നിന്നും അയാളുടെ സുരക്ഷിതത്വത്തേയും ആരോഗ്യത്തേയും മാനസികാവസ്ഥയേയും സംബന്ധിച്ച ഇപ്പൊഴത്തെ അവസ്ഥ മനസ്സിലാക്കുക. ആദ്യം സംസാരമല്ല, നിരീക്ഷണമാണ് ആവശ്യം എന്നു മനസ്സിലാക്കണം. - LISTEN
പറയുക എന്നതല്ല, കേൾക്കുക എന്നതാണ് ഇവിടെ പ്രധാനം. സുപ്രധാനമായ അഞ്ചു കാര്യങ്ങൾ നാം അവരിൽ നിന്നും കേൾക്കണം:
ഒന്ന്- അവർ അനുഭവിച്ച കഷ്ട നഷ്ടങ്ങളെക്കുറിച്ച്; (ദുരന്താനുഭവത്തിന്റെ വിവരണമല്ല ഇത്)
രണ്ട്- ഇപ്പൊഴത്തെ ആവശ്യങ്ങളെക്കുറിച്ച്;
മൂന്ന്- നിലവിൽ ലഭ്യമായിരിക്കുന്ന സൗകര്യങ്ങളെ സംബന്ധിച്ച്;
നാല്- ഇപ്പോൾ എന്തു തോന്നുന്നു, എന്തൊക്കെ ഫീൽ ചെയ്യുന്നു എന്ന്;
അഞ്ച്- ഈ അവസ്ഥയെ മുന്നോട്ട് എങ്ങനെ അഭിമുഖീകരിക്കണമെന്നാണ് കരുതുന്നതെന്ന്. - LINK
ആവശ്യമായവ ലഭ്യമാക്കുകയും സേവനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവിടെ പ്രധാനം. ദുരന്തത്തെ അഭിമുഖീകരിച്ച് അതിനെ അതിജീവിക്കുവാനാവശ്യമായ ശാക്തീകരണം അവർക്കു ലഭ്യമാകണം. സുരക്ഷയുടേയും ചികിത്സയുടേയും വിവിധ ആവശ്യങ്ങളുടേയും ലഭ്യമായ മികച്ച സ്രോതസുകളുമായി ബന്ധിപ്പിക്കുക എന്നതാണ് ഇവിടെ ചെയ്യേണ്ടത്.
7
തിരിച്ചു പിടിക്കാം മനസ്സിന് കരുത്തുണ്ടെങ്കിൽ
ചെറിയ ഒരു കഥ.
ഒരിക്കൽ ഒരു രാജാവിനോട് കീർത്തിയുടെ ദേവത വന്നു പറഞ്ഞു: "ഞാൻ നിന്നെ വിട്ടു പോവുകയാണ്".
രാജാവു പറഞ്ഞു: "ശരി, പോയ്ക്കൊള്ളൂ"
സമ്പത്തിന്റെ ദേവതയും വന്നു പറഞ്ഞു, താനും രാജാവിനെ വിട്ടു പോവുകയാണെന്ന്. അപ്പോഴും രാജാവ് ആവർത്തിച്ചു വിട്ടുപൊയ്ക്കൊള്ളൂവെന്ന്.
പിന്നാലെ സമാധാനത്തിന്റെ, അധികാരത്തിന്റെ, സൗന്ദര്യത്തിന്റെ ദേവതകളും രാജാവിനോട് ചോദിച്ചു വിട്ടൊഴിയാൻ. അവരെയെല്ലാം രാജാവ് വിട്ടൊഴിയാൻ അനുവദിച്ചു.
അവസാനം ധൈര്യത്തിന്റെ ദേവത വന്ന് രാജാവിനോട് വിട്ടൊഴിയാൻ അനുവാദം ചോദിച്ചു. രാജാവ് പറഞ്ഞു: "നീയെന്നെ വിട്ടൊഴിയാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല. നീയെന്റെ കൂടെ നിൽക്കണം. കാരണം, കീർത്തിയും സമ്പത്തും സമാധാനവും അധികാരവും സൗന്ദര്യവും നഷ്ടപ്പെട്ട എനിക്ക് നീ കൂടെയുണ്ടെങ്കിൽ അവയെല്ലാം തിരിച്ചു നേടാം"
എന്തൊക്കെ നഷ്ടപ്പെട്ടാലും ആരൊക്കെ അകന്നാലും എന്തിനേയും നേരിടാനുള്ള ആത്മധൈര്യം നെഞ്ചിലുണ്ടെങ്കിൽ മറ്റെല്ലാം നമുക്ക് തിരിച്ചു പിടിക്കാനാകും. ആത്മധൈര്യവും ആശ്വാസവും നൽകുന്ന പ്രഥമ സേവനം വഴി നമ്മുടെ നാടിനെ നമുക്ക് പുനർനിർമ്മിക്കണം. ആരെയും കാത്തു നിൽക്കേണ്ടതില്ല, ദുരിത ബാധിതരെ കണ്ടെത്തി നമുക്ക് അവരെ സഹായിക്കാം. ധീരതയുടെയുടെ മനസ്സുമായി കരുത്തോടെ തിരിച്ചുവരുവാൻ നമുക്ക് വഴിയൊരുക്കാം. കരുണയുടേയും കരുതലിന്റേയും സംസ്കാരത്തെ മുറുകെപ്പിടിക്കാം.