നമ്മുടെ സ്നേഹബന്ധങ്ങളിലും കർമ്മരംഗങ്ങളിലും മനോഭാവങ്ങളിലും നമ്മെ ഊഷ്മളതയോടെയും തീക്ഷ്ണതയോടെയും നിലനിർത്തുന്ന ഒരു അഗ്നി നമ്മുടെ മനസിലുണ്ട്. സന്ദർഭത്തിൻറെ ഗൗരവമനുസരിച്ച് രോമകൂപം മുതൽ ഹൃദയമിടുപ്പുവരെ ചലനാത്മകമാക്കി ശരീരത്തിൻറെ പ്രവർത്തനക്ഷമതയെ നിയന്ത്രിക്കാൻ കഴിവുള്ള അഗ്നിയാണിത്. പ്രതിബന്ധങ്ങളേയും പ്രശ്നങ്ങളേയും തോൽപ്പിച്ച് നാം സ്നേഹിക്കുന്നവയ്ക്കായി മുന്നേറാൻ നമ്മെ ശാക്തീകരിക്കുന്ന ആത്മ ഇന്ധനമാണ് ഈ അഗ്നി. നാം നെഞ്ചിലേറ്റുന്ന പ്രിയപ്പെട്ടവർക്കായി വിദേശത്തും വിദൂരങ്ങളിലും സ്വയം മറന്ന് അദ്ധ്വാനിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്ന ശക്തിയാണ് ഈ അഗ്നി.